കുമളി: മണ്ണുമാഫിയയ്ക്കെതിരേ പോലീസ് നടപടി തുടങ്ങി. മണ്ണ് കടത്താൻ ഉപയോഗിച്ച അഞ്ചു ടിപ്പർ ലോറികൾ കുമളി എസ്എച്ച്ഒ അഭിലാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് പിടിച്ചെടുത്തു. മണ്ണു കടത്തും ഗുണ്ടായിസവും പതിവായത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതോടെയാണ് പോലീസ് നടപടി. മണ്ണുകടത്ത് ലോബി പരാതിക്കാർക്കെതിരെയും സംഘടിച്ച് പ്രതിഷേധിക്കുന്ന നാട്ടുകാർക്കെതിരേയും വ്യാപക ആക്രമണം അഴിച്ചുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം അട്ടപ്പള്ളം ലക്ഷം വീട് - മുരിക്കടി റോഡിൽ ആനക്കുഴി ഭാഗത്ത് മണ്ണു കടത്തിനെതിരേ പ്രതിഷേധിക്കുകയും ലോറി തടയുകയും ചെയ്ത സംഭവത്തിൽ രണ്ടു പേർക്കു പരിക്കേറ്റിരുന്നു. പ്രതിഷേധക്കാർക്കിടയിലേക്ക് ലോറി ഓടിച്ചുകയറ്റിയതിനെത്തുടർന്ന് അട്ടപ്പള്ളം ആനക്കുഴി സ്വദേശികളായ രാജേഷ് ഭവനിൽ രാജേഷ് (40), മകൻ ലോകേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ ലോറിക്കും മതിലുമിടയിൽപ്പെട്ടാണ് ഇവർക്കു പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ലോറി ഡ്രൈവർ അട്ടപ്പള്ളം സ്വദേശി ജിഷ്ണു ഒളിവിലാണ്. ഈ സംഭവത്തിന് ഒരാഴ്ച മുൻപ് വെള്ളാരംകുന്നിൽ മണ്ണുമാഫിയ നാട്ടുകാരെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. അട്ടപ്പള്ളത്ത് രാത്രി പതിനൊന്നിന്നാണ് അക്രമം ഉണ്ടായത്. വെള്ളാരംകുന്നിലും രാത്രിതന്നെയായിരുന്നു ഗുണ്ടാ ആക്രമണം.
വൈകുന്നേരം അഞ്ചു മുതൽ നേരം പുലരുവോളം മണ്ണുമായി ലോറികളുടെ മരണപ്പാച്ചിലാണ്. നേരം പുലരുന്പോൾ റോഡിന് വശങ്ങളിലെ വീടുകളും വരാന്തയും കസേരകളും പൊടികൊണ്ടു മൂടുന്ന അവസ്ഥയാണ്. പൊടിപടലത്തിനും അസ്വസ്ഥതകൾക്കും ഉറക്കമില്ലായ്മയ്ക്കും ശബ്ദശല്യത്തിനും പുറമേയാണ് മണ്ണുലോബിയുടെ ആക്രമണങ്ങൾക്കും നാട്ടുകാർ ഇരയാകുന്നത്.